അരനൂറ്റാണ്ടിലേറെ കേരളത്തിന്റെ കലാസാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. സാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു. മൃതദേഹം നാളെ രാവിലെ സ്വവസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക് ശാന്തികവാടത്തിൽ നടക്കും.
രോഗബാധിതനായി രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരുന്ന അദ്ദേഹം 75-ാം വയസ്സിലാണ് വിടപറഞ്ഞത്. സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തോടെ കേരളത്തിന്റെ കലാരംഗത്തെ വേറിട്ടൊരു അധ്യായത്തിനാണ് തിരശ്ശീല വീണത്.
കലയ്ക്കായി ജീവിതം മാറ്റിവച്ച അദ്ദേഹം വർഷംതോറും ഒക്ടോബറിൽ സംഘടിപ്പിച്ചിരുന്ന സൂര്യാ ഫെസ്റ്റിവലിലൂടെ കേരളത്തിന്റെ കലാരംഗത്ത് സ്വന്തമായ ഇടം സൃഷ്ടിച്ചിരുന്നു. ഐഎസ്ആർഒയിലെ എൻജിനീയർ ജോലി രാജിവച്ച ശേഷമാണ് സൂര്യ കൃഷ്ണമൂർത്തി പൂർണസമയ കലാപ്രവർത്തകനായത്.
1951 ഏപ്രിൽ 11ന് കോട്ടയത്ത് കേരളത്തിന്റെ ചീഫ് എൻജിനീയറായിരുന്ന ടി. നടരാജപിള്ളയുടെയും ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തക സി. സരസ്വതി അമ്മയുടെയും മകനായി ജനിച്ചു. ഔദ്യോഗിക പേര് നടരാജ കൃഷ്ണമൂർത്തി എന്നായിരുന്നു. തിരുവനന്തപുരം മോഡൽ സ്കൂൾ, ആർട്സ് കോളജ്, കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ പഠിച്ച അദ്ദേഹം 1971ൽ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. 1972ൽ ഐഎസ്ആർഒയിൽ ചേർന്ന അദ്ദേഹം 1999ൽ സ്വയം വിരമിച്ചാണ് കലാരംഗത്ത് സജീവമായത്. നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹം മലയാളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ‘തിയറ്റർ ഓഫ് ഫ്രീഡം’ എന്ന രംഗകലയും അവതരിപ്പിച്ചു.
സൂര്യാ ഫെസ്റ്റിവൽ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്നായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രശസ്തരടക്കമുള്ള നിരവധി കലാകാരന്മാർ സൂര്യയുടെ വേദിയിലെത്തി. ടൂറിസം വാരാഘോഷം എന്ന ആശയവും അദ്ദേഹത്തിന്റേതായിരുന്നു.
മൂന്നു തവണ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടറായ അദ്ദേഹം കേരള സംഗീത നാടക അക്കാദമി ചെയർമാൻ, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ, കാലിക്കറ്റ് സർവകലാശാല ഫൈൻ ആർട്സ് വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചു. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതികൾ, ഇന്ത്യൻ പനോരമ സെലക്ഷൻ സമിതി, എൻഎഫ്ഡിസി സ്ക്രിപ്റ്റ് കമ്മിറ്റി, ദൂരദർശൻ ഉപദേശക സമിതി, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ വിദഗ്ധസമിതി എന്നിവയിലും പ്രവർത്തിച്ചു.
‘മേൽവിലാസം’, ‘പുലരി’, ‘തുടക്കം’, ‘തുടർച്ച’, ‘നീലവെളിച്ചം’, ‘അവതാരം’, ‘സ്ത്രീ പർവം’ തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. 1996ൽ മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷനുള്ള രാഷ്ട്രപതിയുടെ ബഹുമതിയും 1994ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പും നേടി. ഈ ഫെലോഷിപ്പ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.
2003ൽ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിന്റെ മാൻ ഓഫ് ദി ഇയർ അംഗീകാരവും ലഭിച്ചു. കേരളപ്രഭ, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, സമഗ്രസംഭാവനയ്ക്കുള്ള പോണ്ടിച്ചേരി സർക്കാരിന്റെ പുരസ്കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി.
ഭാര്യ രാജി. മക്കൾ സീതയും ലക്ഷ്മണനും. മരുമകൻ ചന്ദൻ കുമാർ.




LEAVE A REPLY