പരപ്പനങ്ങാടി: ലഹരിവിരുദ്ധ പദ്ധതി ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഒരു കിലോയോളം ഉണക്ക കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശികളായ വിശ്വജിത് (21), മുഹമ്മദ് ഷിനാസ് (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് പിടികൂടിയ കഞ്ചാവിന് വിപണിയിൽ അര ലക്ഷത്തോളം രൂപ വിലവരും.
ചോദ്യം ചെയ്യലിൽ ഒഡിഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പരപ്പനങ്ങാടിയിൽ എത്തിച്ച് ഫറോക്ക്, കോഴിക്കോട് ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്താനായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ സമ്മതിച്ചു.
ആർപിഎഫ് തിരൂർ, ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് ഡിവിഷൻ, എക്സൈസ് റേഞ്ച് പരപ്പനങ്ങാടി എന്നിവരുടെ സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ആർപിഎഫ് ക്രൈം ബ്രാഞ്ച് പാലക്കാട് ഡിവിഷൻ എസ്.ഐ ദീപക് എ.പി, എക്സൈസ് റേഞ്ച് പരപ്പനങ്ങാടി ഇൻസ്പെക്ടർ ഷനോജ് എന്നിവരുടെ മേൽനോട്ടത്തിൽ ആർപിഎഫ് തിരൂർ എഎസ്ഐ ഹരിഹരൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരവിന്ദൻ, കോൺസ്റ്റബിൾമാരായ എൻ.ശ്രീജിത്ത്, പ്രസാദ് എം എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ എക്സൈസ് റേഞ്ച് പരപ്പനങ്ങാടി NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




LEAVE A REPLY