കോഴിക്കോട്: കൊയിലാണ്ടി കാവുംവട്ടത്ത് മരണവീട്ടിലേക്ക് എത്തിയ കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. തടോളിത്താഴ സ്വദേശി കിടഞ്ഞിയിൽ രാജൻ (62) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം. മരണവീട്ടിൽ ആളെ ഇറക്കിയശേഷം കാർ പിന്നോട്ടെടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. മുറ്റത്ത് നിൽക്കുകയായിരുന്ന രാജൻ കാറിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച രാജന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഗുരുതരാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മറ്റൊരാൾക്കും കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് മുറ്റത്തുണ്ടായിരുന്ന മറ്റുള്ളവർ ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഒരു ഭാഗത്തെ ചുമരിനും കേടുപാടുകൾ സംഭവിച്ചു.




LEAVE A REPLY