ദുബായ് നഗരത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെയും യാത്രാസമയം കുറയ്ക്കുന്നതിന്റെയും ഭാഗമായി പ്രധാന പാതകളിൽ ട്രക്കുകൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഒക്ടോബർ ഒന്നു മുതൽ ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ദുബായ് പൊലീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) സംയുക്തമായി അറിയിച്ചു. അതേസമയം, എമിറേറ്റ്സ് റോഡിനെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അൽ ഖുദ്ര സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, എയർപോർട്ട് ടണൽ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ 24 മണിക്കൂറും ട്രക്ക് പ്രവേശനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന നഗരപാതകളിലും താമസമേഖലകളിലും ദിവസേന 16 മണിക്കൂറോളമാണ് നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. കൂടാതെ, മറ്റ് ചില റോഡുകളിൽ രാവിലെയും വൈകിട്ടുമായുള്ള തിരക്കേറിയ സമയങ്ങളിലും ട്രക്കുകളുടെ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അത്യാവശ്യ ഘട്ടങ്ങളിൽ നിയന്ത്രിത സമയങ്ങളിൽ ട്രക്കുകൾ ഓടിക്കേണ്ട കമ്പനികൾ ആർടിഎ വെബ്സൈറ്റ് വഴി പ്രത്യേക അനുമതി നേടിയിരിക്കണം. ചരക്ക് ഗതാഗത കമ്പനികളെയും ഡ്രൈവർമാരെയും ഇക്കാര്യങ്ങൾ ബോധവൽക്കരിക്കുന്നതിനായി പ്രത്യേക ക്യാംപെയ്നുകൾ നടത്തുന്നുണ്ട്. ദിവസേന ലക്ഷക്കണക്കിന് ട്രക്ക് യാത്രകൾ നടക്കുന്ന ദുബായിൽ, ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രങ്ങളും പാർക്കിങ് സൗകര്യങ്ങളും ആർടിഎ വിപുലീകരിച്ചിട്ടുണ്ട്.




LEAVE A REPLY