തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ചിപ്സൺ ഏവിയേഷൻ തന്നെയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. കർണാടകയിലെ കേളചന്ദ്ര ഏവിയേഷൻ്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്.
ഇതിനായി അടിസ്ഥാന വാടകയും ജിഎസ്ടിയും ഉൾപ്പെടെ 19,88,595 ലക്ഷം രൂപ ചിപ്സൺ ഏവിയേഷൻ വിമാന ഉടമകൾക്ക് നൽകിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്. പണം കൊടുത്തതിന്റെ ഇൻവോയ്സ് രേഖകൾ പുറത്തുവന്നു. കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും മലപ്പുറം കരിപ്പൂരിലേക്ക് നടത്തിയ യാത്രയാണിത്.
സംസ്ഥാന സർക്കാരുമായുള്ള ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കാനായി ചിപ്സൺ ഏവിയേഷൻ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്ക് ഈ സൗജന്യ വിമാനയാത്ര ഒരുക്കിയത്.
സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഇനിയും സഞ്ചരിക്കുമെന്നുമാണ് ബുധനാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മലപ്പുറത്തേക്കുള്ള യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസറെ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള സൗജന്യ വിമാനയാത്ര വലിയ രീതിയിലുള്ള പൊതുഇടത്തിലും രാഷ്ട്രീയത്തിലും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്.




LEAVE A REPLY