കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ഉണ്ടാകില്ല. വിചാരണ അടച്ചിട്ട കോടതി മുറിയിൽ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കേസിന്റെ വിചാരണ ഒക്ടോബർ 15-ന് ആരംഭിക്കും.
മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും കോടതിയിൽ പ്രവേശനം നിഷേധിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ, ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ അവകാശമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
ക്യാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളാണ് രഹസ്യവിചാരണ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരസ്യ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒക്ടോബർ 15 മുതൽ ആരംഭിക്കും. നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുള്ളത്.




LEAVE A REPLY