കുറഞ്ഞ കാലം കൊണ്ട് സുരക്ഷിതമായി പണം നിക്ഷേപിച്ച് മികച്ച നേട്ടം കൊയ്യാൻ സഹായിക്കുന്ന ജനപ്രിയ പദ്ധതിയായ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റിൽ ആകർഷകമായ പലിശ നിരക്കുകൾ. പ്രതിമാസം ചുരുങ്ങിയ തുക മാറ്റി വെച്ച് ദീർഘകാല അടിസ്ഥാനത്തിൽ മികച്ചൊരു സമ്പാദ്യം കെട്ടിപ്പടുക്കാൻ പോസ്റ്റ് ഓഫീസ് ആർ.ഡി.യിലൂടെ സാധിക്കും. വെറും 100 രൂപ മുതൽ എത്ര തുക വേണമെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്.
നിലവിൽ 6.7 ശതമാനമാണ് പോസ്റ്റ് ഓഫീസ് ആർ.ഡി.യുടെ വാർഷിക പലിശ നിരക്ക്. സാധാരണയായി 5 വർഷമാണ് ഇതിന്റെ കാലാവധി. ആവശ്യാനുസരണം മൂന്ന് വർഷത്തിന് ശേഷം നിക്ഷേപം അവസാനിപ്പിക്കാനോ, കാലാവധിക്ക് ശേഷം 5 വർഷത്തേക്ക് കൂടി നീട്ടാനോ സാധിക്കും. ഇതുകൂടാതെ അക്കൗണ്ട് തുടങ്ങി ഒരു വർഷം പൂർത്തിയായാൽ നിക്ഷേപിച്ച തുകയുടെ 50% വരെ വായ്പയായി നേടാനുള്ള സൗകര്യവുമുണ്ട്.
പ്രതിമാസം 4,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 2,40,000 രൂപയാകും. 6.7 ശതമാനം പലിശ നിരക്കിൽ 45,463 പലിശയായി ലഭിക്കുന്നതോടെ കാലാവധി പൂർത്തിയാകുമ്പോൾ ആകെ 2.85 ലക്ഷം രൂപ തിരിച്ചുകിട്ടും. ഈ പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടിയാൽ 10 വർഷം കൊണ്ട് 4.80 ലക്ഷം രൂപ നിക്ഷേപിക്കുകയും, പലിശ സഹിതം 6.80 ലക്ഷം രൂപ തിരികെ ലഭിക്കുകയും ചെയ്യും. ഈ കാലാവധിക്ക് ശേഷം ലഭിക്കുന്ന 6.80 ലക്ഷം രൂപ പോസ്റ്റ് ഓഫീസിന്റെ തന്നെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ അടുത്ത 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ തുക 9.84 ലക്ഷത്തോളമായി (ഏകദേശം 10 ലക്ഷം രൂപ) വളരും.




LEAVE A REPLY