കോഴിക്കോട്: വടകര ഇരിങ്ങലിൽ വന്ദേഭാരത് ട്രെയിൻ തട്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശിനിയായ നന്ദന (23) ആണ് മരിച്ചത്. ഇന്നലെ (ഒക്ടോബർ 20) വൈകീട്ടോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. കോട്ടയം അങ്കമാലി ശ്രീശങ്കര കോളേജിലെ എം.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥിനിയായ നന്ദന, പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. അപകടത്തെ തുടർന്ന് പൊലീസും റെയിൽവേ അധികൃതരും ഉടൻ തന്നെ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി വടകര ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് (ഒക്ടോബർ 21)വീട്ടുവളപ്പിൽ സംസ്കരിക്കും. അവധിക്കാലം ആഘോഷിക്കാൻ സന്തോഷത്തോടെ വീട്ടിലെത്തിയ പെൺകുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും കുടുംബവും. പി.വി. സുജീഷാണ് അച്ഛൻ, മഞ്ജുഷയാണ് അമ്മ. ആര്യ സഹോദരിയാണ്.