കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടക്കേസിൽ വാഹനത്തിന്റെ ആർ.സി ഉടമയും പ്രതി സുഹൈൽ സജീവിന്റെ അമ്മയുമായ വ്യക്തിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങളുടെ മൊഴിയെടുക്കുന്നതിനായി പാലക്കാടേക്കും വയനാട്ടിലേക്കും തിരിക്കും. മദ്യപിച്ചാണ് സുഹൈൽ വാഹനം ഓടിച്ചതെന്ന് രക്തപരിശോധനയിൽ വ്യക്തമായതിനെ തുടർന്ന്, സുഹൈൽ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
അപകടസമയത്തെ നിർണായക വിവരങ്ങൾ അടങ്ങിയ ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനിടെ, പ്രതി സുഹൈലിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. ജാമ്യം തള്ളപ്പെട്ട സാഹചര്യത്തിൽ പ്രതിഭാഗം മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുണ്ട്.
അപകടം നടന്ന വിമാനത്താവള റോഡിൽ മോട്ടോർ വാഹനവകുപ്പ്, റോഡ് പരിപാലചുമതലയുള്ള സിയാൽ, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. റോഡിന്റെ ഘടന അപകടകാരണമായോ എന്ന് പരിശോധിച്ച സംഘം, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ രാത്രിയിലും പ്രവർത്തിക്കുന്ന ക്യാമറകളും വേഗത നിയന്ത്രണ സംവിധാനങ്ങളും ഒരുക്കാൻ സിയാലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.




LEAVE A REPLY