റിപ്പോർട്ടർ ടിവി ഓഫീസ് റെയ്ഡിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെസ്സി കേസിൽ എസ്ഐടി രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റെയ്ഡ് നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ റെയ്ഡുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് മാധ്യമസ്ഥാപനങ്ങൾക്കെതിരെ എത്രയോ നടപടികൾ ഉണ്ടായിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള കേസുകളും റെയ്ഡുകളും അദ്ദേഹം ഓർമ്മിപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കൈകടത്തുന്നു എന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഇതോടൊപ്പം മറ്റ് രാഷ്ട്രീയ വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. മാസപ്പടി കേസിൽ വീണയുടെ ഡയറിയിലെ കണക്കുകളുടെ കാര്യത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസും നൽകുന്നത് പരസ്പര വിരുദ്ധമായ വിശദീകരണങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റായ ഇഡിയുടെ കത്ത് സർക്കാർ പരിശോധിച്ചു വരികയാണെന്നും, ഇതുസംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഒരാഴ്ച കൂടി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി വാങ്ങുന്നതിന് വേണ്ടിയുള്ള നടപടികൾ തുടരുകയാണെന്നും എട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുവെന്നും കൂട്ടിചേർത്തു.
ഡാൻസ് എഐ വീഡിയോ മെറ്റ നീക്കം ചെയ്തതിൽ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് ഞാൻ പറഞ്ഞിരുന്നു. വാർത്ത വന്നപ്പോൾ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ പരാതി ലഭിച്ചു എന്നാണ് അവർ പറഞ്ഞതെന്നും വി ഡി സതീശൻ സമ്മതിച്ചു.




LEAVE A REPLY