പ്രേക്ഷകശ്രദ്ധ നേടി ബോക്‌സ് ഓഫീസിൽ മുന്നേറുന്ന നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പുതിയ റെക്കോർഡ് സ്വന്തമാക്കി. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് നേടുന്ന മലയാള സിനിമയായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറി. ചിത്രം ആഗോളതലത്തിൽ 300 കോടി ക്ലബ്ബിലേക്ക് കടക്കാനുള്ള കുതിപ്പിലാണ്.

ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങൾക്ക് പിന്നാലെ ‘എൻകോർ’ എന്ന പേരിൽ രണ്ടാമത്തെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നിവിൻ പോളി അവതരിപ്പിച്ച ‘ജസ്റ്റിൻ’, മമിത ബൈജുവിന്റെ ‘ആഷ്‌ലി’ എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും മികച്ച കോമഡി രംഗങ്ങളും രണ്ടാം ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമാണ് ഈ ചിത്രം.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതവും അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. തമിഴ്, തെലുങ്ക് പതിപ്പുകളിലും വലിയ വിജയം നേടിയ ചിത്രം വിദേശത്തും മികച്ച കളക്ഷൻ തുടരുകയാണ്.