തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി കാട്ടി വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും അറ്റൻഡൻസ് രജിസ്റ്ററും പോലീസ് പരിശോധിക്കും. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
സുഗതൻ മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്നാണ് എസ് പി ദീപക്കിൻ്റെ ആരോപണം. വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്റ്ററിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ്.പി. ദീപക് കമ്മീഷണർക്ക് പരാതി നൽകിയത്.
ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ട് ക്രമക്കേട് നടത്തിയതായി ആരോപിക്കുന്നത്. ഫെബ്രുവരി മുതൽ സുഗതൻ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും, തുടർച്ചയായി ആറുമാസം കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കപ്പെടുമെന്ന ചട്ടം മറികടക്കാനാണ് ബി.ജെ.പി വ്യാജ ഒപ്പിട്ടതെന്നും ദീപക് ആരോപിച്ചു.




LEAVE A REPLY